Apr 13, 2012

വിദ്യാഭ്യാസ അവകാശ നിയമം ഭരണഘടനാപരം മാതൃഭൂമി വാര്ത്ത

അണ്‍എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല
ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ സഹായം പറ്റുന്നതും അല്ലാത്തതുമായ സ്വകാര്യ സ്‌കൂളുകളിലെ 25 ശതമാനം സീറ്റുകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന് സുപ്രീം കോടതി അംഗീകാരം നല്‍കി.
എന്നാല്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്നതും സര്‍ക്കാറിന്റെ ധനസഹായം പറ്റാത്തതുമായ സ്‌കൂളുകള്‍ക്ക് വ്യവസ്ഥ ബാധകമായിരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി.

2009-ല്‍ പാസാക്കിയ നിയമം ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണെന്ന് ബെഞ്ച് വിധിച്ചു. 2012-13 അധ്യയന വര്‍ഷം മുതല്‍ വിധി പ്രാബല്യത്തില്‍ വരുമെന്നും നേരത്തേ നടന്ന പ്രവേശനങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ സ്വതന്തര്‍കുമാര്‍, കെ. എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ കൂടിയടങ്ങിയതായിരുന്നു ബെഞ്ച്.
25 ശതമാനം സീറ്റ് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യാനുള്ള നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്‍റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.
സര്‍ക്കാറില്‍ നിന്ന് ധനസഹായം വാങ്ങാത്ത എല്ലാ സ്വകാര്യ സ്‌കൂളുകളെയും നിയമത്തിന്റെ പരിധിയില്‍ നിന്ന് ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്‍ എഴുതിയ പ്രത്യേക വിധിയില്‍ ഒഴിവാക്കിയിരുന്നു. ഇതു മറികടന്നാണ് ന്യൂനപക്ഷങ്ങള്‍ നടത്തുന്നതൊഴികെയുള്ള അണ്‍എയ്ഡഡ് സ്വകാര്യ സ്‌കൂളുകളെ ചീഫ് ജസ്റ്റിസും ജസ്റ്റിസ് സ്വതന്തര്‍കുമാറും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.

ആറിനും 14നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണു നിയമം. എന്നാല്‍, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം സംവരണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന സ്‌കൂളുകള്‍ക്കു ബാധകമല്ല. കാരണം, ഈ സ്‌കൂളുകള്‍ എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കണം. സംവരണവ്യവസ്ഥ നടപ്പാക്കുന്നതിന് സ്വകാര്യ സ്‌കൂളുകള്‍ക്കു വേണ്ടിവരുന്ന എല്ലാ ചെലവും സര്‍ക്കാര്‍ നല്‍കും.
അണ്‍എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുവേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ ടി. എസ്. അന്ത്യാര്‍ജുന, അഡ്വ: റോമി ചാക്കോ, സര്‍ക്കാറിനുവേണ്ടി അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്‌സിങ് തുടങ്ങിയവര്‍ ഹാജരായി.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ പല വ്യവസ്ഥകളും ഭരണഘടന നല്‍കിയ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകള്‍ സുപ്രീം കോടതിയിലെത്തിയത്.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom