Jun 5, 2013

കൂട്ടത്തെറ്റ്: അദ്ധ്യാപകര്‍‍ ശ്രദ്ധിക്കേണ്ട ലേഖനം

പത്താം ക്ലാസ് പാഠപുസ്തകങ്ങളില്‍ കൂട്ടത്തെറ്റും ആശയക്കുഴപ്പവും.

ടി.ജി.ബേബിക്കുട്ടി
തിരുവനന്തപുരം: അറബിക്കടല്‍ കിഴക്കോ പടിഞ്ഞാറോ, ആനമുടിയുടെ ഉയരം എത്രയാണ്, 2005 മീറ്ററോ, 2695 മീറ്ററോ, ഭരണഘടന അംഗീകാരമുള്ള ഇന്ത്യന്‍ ഭാഷകള്‍ 21 ഓ 22 ഓ? ഇതിനൊക്കെ ഉത്തരം തേടി പത്താം ക്ലാസിലെ ഇംഗ്ലീഷ് മീഡിയം ചരിത്ര, ഭൂമിശാസ്ത്ര പാഠപുസ്തകങ്ങള്‍ തിരഞ്ഞാല്‍ ശരിക്കും കിളിപോയതുതന്നെ.
എസ്.സി.ഇ.ആര്‍.ടി. തയാറാക്കി പത്താംക്ലാസ് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്ന ചരിത്ര, ഭൂമി ശാസ്ത്ര പുസ്തകങ്ങളിലാണ് തെറ്റുകളുടെയും പരസ്പര വൈരുദ്ധ്യത്തിന്റെയും തനിയാവര്‍ത്തനം. മലയാളം പുസ്തകങ്ങളില്‍ തെറ്റുമില്ല.

ചരിത്ര പുസ്തകത്തിലെ ശരി ഭൂമിശാസ്ത്ര പുസ്തകത്തില്‍ തെറ്റാകും. അതുപോലെ മറിച്ചും.
ചരിത്ര പാഠപുസ്തകത്തില്‍ 108-ാം പേജില്‍ റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റ് ബ്രിട്ടന്റെ സഹകരണത്തോടെ തുടങ്ങിയെന്ന് പറയുന്നു. ജ്യോഗ്രഫി 93 -ാം പേജില്‍ ബ്രിട്ടന് പകരം ജര്‍മനി ആ സ്ഥാനം കൈയടക്കി. ഗാട്ട്കരാറുമായി ബന്ധപ്പെട്ട ഉറുഗ്വേ റൗണ്ട് 1986 ല്‍ നടന്നുവെന്ന് ജ്യോഗ്രഫിയിലും (പേജ് 165) 1994 ല്‍ എന്ന് ഹിസ്റ്ററിയിലും (പേജ് 174) പഠിക്കുകയും പഠിപ്പിക്കുകയും വേണം. ഐ.എം.എഫ് രൂപവത്കരിച്ചത് ചരിത്ര അധ്യാപകന്‍ 1945 (പേജ് 172) എന്ന് പഠിപ്പിക്കുമ്പോള്‍ ജോഗ്രഫി അധ്യാപകന്‍ അത് 1944 എന്ന് തിരുത്തും(പേജ് 165). ലോകബാങ്ക് സ്ഥാപിച്ചത് ജ്യോഗ്രഫി ക്ലാസില്‍ 1945 എന്നും ഹിസ്റ്ററി ക്ലാസില്‍ 1944 (പേജ് 172) എന്നും പറഞ്ഞാലേ മാര്‍ക്ക് കിട്ടൂ. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ രൂപവത്കരിച്ചത് 1962 ല്‍ എന്നാണ് ചരിത്ര പാഠപുസ്തകത്തില്‍ (പേജ് 111). ഫിസിക്‌സ് പുസ്തകത്തില്‍ ഇത് 1969 എന്ന് ശരിയായി നല്‍കിയിട്ടുണ്ട്താനും.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കാണ് അറബിക്കടല്‍ എന്നാണ് ജ്യോഗ്രഫി പാഠപുസ്തകത്തിലുള്ളത്. (പേജ് 58). എന്നാല്‍ പാഠഭാഗത്തിനൊപ്പം ചേര്‍ത്തിട്ടുള്ള മാപ്പില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറേക്ക് അറബിക്കടല്‍ ഒഴുകിമാറിയിട്ടുണ്ടെന്നത് ആശ്വാസം.
ഇതേ ജ്യോഗ്രഫി പുസ്തകത്തില്‍ ആനമുടിയുടെ ഉയരം 2005 മീറ്റര്‍ എന്നും പറയുന്നു. 2695 മീറ്ററാണ് യഥാര്‍ഥ ഉയരമെന്ന് പഠിച്ചെങ്കില്‍ തെറ്റാണത്രെ. 62 -ാം പേജില്‍ നംഗപര്‍വതത്തിന്റെ ഉയരം 8216 മീറ്റര്‍ ആണെന്ന് പറയുന്നു. 8126 മീറ്റര്‍ എന്ന ശരിഉയരം അധ്യാപകന്‍ വേണമെങ്കില്‍ തിരുത്തി പഠിപ്പിക്കേണ്ടി വരും. ഇതേ പേജില്‍ കെ.ടു പര്‍വതനിരയുടെ ഉയരം നല്‍കിയിട്ടുള്ളത് 8661 മീറ്റര്‍. 8611 മീറ്റര്‍ എന്ന് താഴ്ന്ന ക്ലാസ് മുതല്‍ പഠിച്ചെങ്കില്‍ അത് മനസില്‍ ഇരുന്നാല്‍ മതി.
ഉത്തരമഹാസമതലം നാലായി വിഭജിച്ചിട്ടുണ്ടെന്ന് പഠിച്ച ജ്യോഗ്രഫി അധ്യാപകന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുമ്പോള്‍ വിഭജനം രണ്ടായി ചുരുക്കണം. ഭരണ ഘടനയുടെ അംഗീകാരമുള്ള ഭാഷകള്‍ ചരിത്ര പാഠപുസ്തകത്തില്‍ ഇപ്പോഴും 21 മാത്രമാണ്. ശരി 22 ഉം. ആഫ്രിക്കയുടെ വിസ്തീര്‍ണം ജ്യോഗ്രഫി പാഠപുസ്തകത്തില്‍ (പേജ് 47) 3033500 ചതുരശ്ര കിലോമീറ്റര്‍ മാത്രം. അച്ചടിപ്പിശകുമൂലം ഒരു പൂജ്യം കുറഞ്ഞുപോയതാണെന്ന് ന്യായീകരിക്കാം. 131-ാം പേജില്‍ 2009 ലെ ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് 34-ാം സ്ഥാനം കല്പിച്ച് നല്‍കിയിട്ടുണ്ട്. 98-ാം പേജില്‍ ഇന്ത്യയില്‍ പ്രധാന തുറമുഖങ്ങളുടെ എണ്ണം 12 ആയി കുറച്ചിട്ടുമുണ്ട്. പോര്‍ട്ട്‌ബ്ലെയറിനെ ഒഴിവാക്കിയെന്ന് മാത്രം.
കഴിഞ്ഞവര്‍ഷം തന്നെ ഇതേ തെറ്റുകള്‍ രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും തിരുത്താന്‍ എസ്.സി.ഇ.ആര്‍.ടി യോ വിദ്യാഭ്യാസ വകുപ്പോ തയാറായില്ല. ഇക്കുറിയും കൂട്ടത്തെറ്റുകള്‍ നിറഞ്ഞ പുസ്തകങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. അതേസമയം മലയാളം മീഡിയത്തില്‍ ഇതേ പുസ്തകങ്ങളില്‍ ആശയക്കുഴപ്പമൊന്നുമില്ലതാനും.
പല സ്‌കൂളുകളിലും ഇരു പുസ്തകങ്ങളും ക്ലാസില്‍ പഠിപ്പിക്കാന്‍ അധ്യാപകര്‍ മിനക്കെടുന്നില്ലെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് തെറ്റുകളുടെ ആവര്‍ത്തനം. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍പോലും പല ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും എസ്.എസിന് മാത്രം യോഗ്യത നേടാത്ത വിദ്യാര്‍ഥികളും ഉണ്ട്.

2 comments:

prismblog said...

use Easy A+ physics, chemistry cds
to correct method of teaching and train the students for self learning
pls visit:

chemkerlablogspot.in

prismblog said...
This comment has been removed by the author.
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom