Mar 5, 2014

ലോക്‌സഭാ തിരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയില്‍ മാര്‍ച്ച് ഒമ്പത് വരെ പേര് ചേര്‍ക്കാം

              സംസ്ഥാനത്ത് ഏപ്രില്‍ 10 ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടെടുപ്പില്‍ വോട്ടു ചെയ്യാന്‍ മാര്‍ച്ച് ഒമ്പത് വരെ പേര് ചേര്‍ക്കാം. ഓണ്‍ലൈനായി മാത്രം നല്‍കാവുന്ന അപേക്ഷയില്‍ താലൂക്ക് ഓഫീസുകളില്‍ എത്തിച്ചും ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ.) മാരുടെ സഹായം തേടിയും പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോയാണ് ഇക്കാര്യം അറിയിച്ചത്. 2014 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.
ഓണ്‍ലൈന്‍ വഴി പേര് ചേര്‍ക്കുന്നതിന് ംംംwww.ceo.kerala.gov.in സൈറ്റില്‍ ഇ-രജിസ്‌ട്രേഷന്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അപേക്ഷ നല്‍കണം. മാര്‍ച്ച് ഒമ്പതിനു ശേഷവും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാമെങ്കിലും അവയില്‍ വേണ്ടുന്ന പരിശോധന നടത്തി അന്തിമ പട്ടിക തയ്യാറാക്കാന്‍ സമയമെടുക്കുമെന്നതിനാലാണ് അപേക്ഷാ തീയതി ഒമ്പത് വരെ എന്ന് നിജപ്പെടുത്തിയത്. വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോ എന്നത് വോട്ടര്‍മാര്‍ പരിശോധിക്കണമെന്നും നളിനി നെറ്റോ പറഞ്ഞു. വെബ്‌സൈറ്റില്‍ ഇലക്ടറല്‍ റോള്‍ സേര്‍ച്ച് ക്ലിക്ക് ചെയ്ത് ജില്ല, അസംബ്ലി മണ്ഡലം, പേര് എന്നിവയ്ക്ക് ഒപ്പം തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ ചേര്‍ത്ത് സേര്‍ച്ച് ക്ലിക്ക് ചെയ്താല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിവരം ലഭിക്കും. പോളിംഗ് സ്റ്റേഷന്‍; എല്‍.എ.സി. നമ്പരുകളും അറിയാം. ഐ.ഡി. കാര്‍ഡ് നമ്പരില്‍ ക്ലിക്ക് ചെയ്താല്‍ വോട്ടര്‍ ലിസ്റ്റ് സീരിയല്‍ നമ്പര്‍, ബൂത്ത് ലെവല്‍ ഓഫീസറുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളും ലഭിക്കും. എസ്.എം.എസ്. സംവിധാനം വഴിയും വോട്ടര്‍ പട്ടികയില്‍ പേരുള്ളകാര്യം പരിശോധിക്കാം. ELE സ്‌പെയിസ് വോട്ടര്‍ കാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്ത് 54242 നമ്പരിലേക്ക് എസ്.എം.എസ്. അയച്ചാല്‍ വോട്ടര്‍ പട്ടികയിലെ വിവരം അറിയാം. ടോള്‍ഫ്രീ നമ്പരായ 1950 ല്‍ വിളിച്ചാലും വിവരങ്ങള്‍ ലഭിക്കും. നിലവില്‍ ഓഫീസ് സമയത്ത് മാത്രമാണ് പ്രവര്‍ത്തനമെങ്കിലും താമസിക്കാതെ രാവിലെ എട്ടുമുതല്‍ രാത്രി എട്ട് വരെ ടോള്‍ ഫ്രീ നമ്പരില്‍ വിവരങ്ങളറിയാം. ഇതിനുപുറമേ താലൂക്ക് ഓഫീസുകള്‍ വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ എത്തിയും ബി.എല്‍.ഒ.മാരെ സമീപിച്ചും വോട്ടര്‍പട്ടിക പരിശോധിക്കാം. കേരളത്തില്‍ മാത്രമാണ് വോട്ടര്‍ പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുള്ളവര്‍ക്കെല്ലാം ഫോട്ടോയും ചേര്‍ത്തിട്ടുള്ളതെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു. നിലവിലുള്ള പട്ടികയില്‍ നിന്നും ആരെയും ഒഴിവാക്കില്ല. എന്നാല്‍ പുതുതായി ചേര്‍ക്കുന്നതും, മാറ്റുന്നതും ഉള്‍പ്പെടെയുള്ള വിവരം പ്രത്യേകം ചേര്‍ത്ത് മാര്‍ക്ക്ഡ് പട്ടിക തയ്യാറാക്കിയാവും പോളിംഗിനു മുമ്പ് പ്രിസൈഡിംഗ് ഓഫീസര്‍ മാര്‍ക്ക് നല്‍കുക. പ്രിസൈഡിംഗ് ഓഫീസര്‍ രേഖകള്‍ പരിശോധിച്ച് പ്രത്യേകം ചേര്‍ത്ത പട്ടികയില്‍ നിന്നും വോട്ടറെ തിരിച്ചറിഞ്ഞ് വോട്ട് ചെയ്യാന്‍ അനുവദിക്കും. ഇത്തവണ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത നോട്ട (ഇവരില്‍ ആരുമല്ല) രേഖപ്പെടുത്താന്‍ അവസരം നല്‍കുന്നതാണെന്ന് നളിനി നെറ്റോ പറഞ്ഞു. ബാലറ്റില്‍ പേരുള്ള സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും വോട്ട് നല്‍കാന്‍ താല്‍പര്യമില്ലെങ്കില്‍ സമ്മതിദായകന് അത് രേഖപ്പെടുത്താം. ബാലറ്റ് പേപ്പറിന്റെ ഏറ്റവും അവസാനം ഇതിനായി സ്ഥലം നല്‍കും. 15 സ്ഥാനാര്‍ത്ഥികളാണ് ഒരു ബാലറ്റില്‍ പരമാവധി ഉണ്ടാവുക. 16 മുതല്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ ബാലറ്റ് പേപ്പറിന്റെ എണ്ണം ക്രമാനുസൃതം വര്‍ദ്ധിക്കും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമായതിനാല്‍ അസാധുവിന് അവസരമില്ല. എന്നാല്‍ തപാല്‍ ബാലറ്റില്‍ അസാധു വരാം. നോട്ട, അസാധു എന്നിവ ഒഴികെ പോള്‍ ചെയ്ത വോട്ടിന്റെ ആറില്‍ ഒന്ന് ലഭിക്കാത്ത സ്ഥാനാര്‍ത്ഥിക്ക് കെട്ടിവച്ച തുക നഷ്ടമാവും. വോട്ടര്‍ പട്ടികയില്‍ ഉള്ളതുപോലെ ഫോട്ടോ സഹിതം സ്ലിപ്പ് വോട്ടര്‍മാര്‍ക്ക് എത്തിക്കാനും സംവിധാനമുണ്ട്. സ്ലിപ്പിലെ സീരിയല്‍ നമ്പര്‍ നോക്കി പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വോട്ടറെ വേഗത്തില്‍ തിരിച്ചറിയാനാകും. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ സ്ലിപ്പ് വീടുകളില്‍ എത്തിക്കും. ലഭിക്കാത്തവര്‍ക്ക് പോളിംഗ് ദിനത്തില്‍ പോളിംഗ് ബൂത്തിനുസമീപം ബി.എല്‍.ഒ.മാരില്‍നിന്നും സ്ലിപ്പ് വാങ്ങാമെന്നും നളിനി നെറ്റോ അറിയിച്ചു.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom