Jun 11, 2014

ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ 730290; ഒന്നാം ക്ലാസില്‍ 62807 പേര്‍

* മൊത്തം 8365 കുട്ടികള്‍ കുറഞ്ഞു, ഒന്നില്‍ 69 പേര്‍ കൂടി
* കൂടുതലും ആണ്‍കുട്ടികള്‍, ഒന്നില്‍ പെണ്‍കുട്ടികള്‍
* സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ കൂടി
* ഏറ്റവുമധികം പേര്‍ ഒമ്പതില്‍ (84260)
* നാലില്‍ 7105 കുട്ടികളുടെ കുറവ്



മലപ്പുറം: ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ മൊത്തം വിദ്യാര്‍ഥികള്‍ 7,30,290. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ 2013-14 അധ്യയന വര്‍ഷത്തേക്കാള്‍ 8365 കുട്ടികള്‍ ഇത്തവണ കുറവാണ്. 
ഒന്നാംക്ലാസ് ഒഴികെ എല്ലാ ക്ലാസുകളിലും ആണ്‍ കുട്ടികളാണ് കൂടുതല്‍. ജില്ലയിലെ മൊത്തം വിദ്യാര്‍ഥികളില്‍ 3,71,419 ആണ്‍കുട്ടികളും 3,58,871 പെണ്‍കുട്ടികളുമാണുള്ളത്. കഴിഞ്ഞവര്‍ഷം ഇത് യഥാക്രമം 3,78,135ഉം 3,60,520ഉം ആയിരുന്നു. 
ഒന്നാംക്ലാസില്‍ ഇത്തവണ 62,807 കുട്ടികളാണ് പ്രവേശനം നേടിയത്. ഇതില്‍ 31,793 പെണ്‍കുട്ടികളും 31,014 ആണ്‍കുട്ടികളും ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 69 കുട്ടികള്‍ ഒന്നാംക്ലാസില്‍ ചേര്‍ന്നിട്ടുണ്ട്. 
എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ എണ്ണം കൂടി. എയ്ഡഡില്‍ 9832ഉം അണ്‍ എയ്ഡഡില്‍ 5643ഉം ഇത്തവണ കുറഞ്ഞു. അതേസമയം സര്‍ക്കാര്‍ സ്‌കൂളുകളില്‍ 7110 കുട്ടികള്‍ കൂടി.
ഒന്നാംക്ലാസില്‍ (സര്‍ക്കാര്‍) 1187 പേരാണ് അധികമായെത്തിയത്. എല്‍.പി സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്തതും പഞ്ചായത്ത് സ്‌കൂളുകള്‍ സര്‍ക്കാര്‍ തലത്തിലേക്ക് മാറ്റിയതുമാണ് ഗവ. സ്‌കൂളുകളില്‍ കുട്ടികള്‍ കൂടാന്‍ കാരണം. 
ഈവര്‍ഷം പത്താം ക്ലാസില്‍ 79,673 കുട്ടികളാണുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1757 പേര്‍ കൂടുതലാണിത്. ഇതില്‍ 40,904 ആണ്‍കുട്ടികളും 38,769 പെണ്‍കുട്ടികളുമാണുള്ളത്. ഒമ്പതിലാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ (84,260). 
ഒന്ന്, രണ്ട്, ഒമ്പത്, പത്ത് എന്നിവ ഒഴികെയുള്ള ക്ലാസുകളില്‍ കുട്ടികള്‍ കുറഞ്ഞിട്ടുണ്ട്. നാലാം ക്ലാസിലാണ് ഏറ്റവുമധികം പേര്‍ കുറഞ്ഞത് (7105). കഴിഞ്ഞവര്‍ഷം മൂന്നാം ക്ലാസില്‍ ഉണ്ടായിരുന്ന 67,743 കുട്ടികളില്‍ 64,741 പേര്‍ മാത്രമാണ് ഇത്തവണ നാലില്‍ എത്തിയത്. ഏതായാലും നാലാം ക്ലാസിലെ കൊഴിഞ്ഞുപോക്കിന് കാരണം വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നുണ്ട്.
ഓരോ ക്ലാസിലെയും കുട്ടികള്‍: ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ എണ്ണം. ഒന്ന്: 62807 (62738), രണ്ട്: 63586 (63015), മൂന്ന്: 65047 (67743), നാല്: 64741 (71846), അഞ്ച്: 73906 (76326), ആറ്: 77841 (78059), ഏഴ്: 79075 (80300), എട്ട്: 79354 (79491), ഒമ്പത്: 84260 (81221), പത്ത്: 79673 (77916). 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom