Apr 6, 2015

എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം

     എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംബന്ധിച്ചു ക്യാമ്പുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഴുവന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണ ഭട്ട് നിര്‍ദേശം നല്‍കി. ക്യാമ്പ് നടത്തിപ്പ് സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്. 

നിശ്ചിത എണ്ണത്തിലധികം ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകരെ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയാണു പ്രധാനമായും ഉയര്‍ന്നത്. ഡിഇഒമാര്‍ക്കെതിരെയാണ് ഇതുസംബന്ധിച്ച ആരോപണം ഉയര്‍ന്നിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, തലശേരി ഡിഇഒമാര്‍ക്കെതിരേ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു നേരിട്ടു പരാതി ലഭിച്ചിട്ടുണ്ട്.

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയുടേതാണെങ്കില്‍ 36 ഉത്തരക്കടലാസുകളും രണ്ടര മണിക്കൂര്‍ പരീക്ഷയുടേതാണെങ്കില്‍ 24 ഉത്തരക്കടലാസുകളുമാണ് അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തേണ്ടത്. എന്നാല്‍, ഇതിനു വിരുദ്ധമായി 18 ഉത്തരക്കടലാസുകള്‍ കൂടി അധികമായി മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകരെ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയാണ് വിവാദമായിരിക്കുന്നത്. ഡിപിഐയുടെ ഉറപ്പുണ്ടായിട്ടും ഡിഇഒമാര്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയും അധികം ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തണമെന്നു നിര്‍ബന്ധിക്കുകയും ചെയ്യുന്നതു സംബന്ധിച്ചാണ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

54 മൂല്യനിര്‍ണയ ക്യാമ്പുകള്‍ 74 ആക്കി ഉയര്‍ത്താന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും പരീക്ഷാഭവന് ഇത് നടപ്പിലാക്കാനായില്ല. പകരം 54 ക്യാമ്പുകളില്‍ അധ്യാപകരുടെ എണ്ണം കൂട്ടുകയായിരുന്നു. 13,000 അധ്യാപകരുടെ സ്ഥാനത്ത് ഇത്തവണ 20,000 അധ്യാപകര്‍ക്കാണു മൂല്യനിര്‍ണയ ചുമതല നല്‍കിയത്. ഫലപ്രഖ്യാപനം 16 നു തന്നെ നടത്താന്‍ വേണ്ടിയുള്ള തിരക്കിട്ട നീക്കങ്ങളാണ് ഇപ്പോള്‍ വ്യാപക പരാതിയിലും ആക്ഷേപങ്ങളിലും കലാശിച്ചിരിക്കുന്നത്.

എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാംപുകളിലെ അപാകതകള്‍ പരിഹരിക്കും: ഡിപിഐ - 

Manorama News

എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാംപുകളിലെ അപാകതകള്‍ പരിഹരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട്. 14 ജില്ലകളിലെയും ഡിഡിഇമാരോട് നാളെത്തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറത്തെ ക്യാംപില്‍ അധ്യാപകര്‍ കുറവാണെന്ന മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് ഡി.പി.ഐയുടെ ഇടപെടല്‍.
അധ്യാപക ക്ഷാമം മൂലം എസ്.എസ്.എല്‍ .സി മൂല്യനിര്‍ണയം നീതീബോധത്തോടെ നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു മലപ്പുറത്തെ ക്യാംപിലെ അധ്യാപകരുടെ പരാതി. കോട്ടക്കല്‍ ഗവണ്‍മെന്‍റ് രാജാസ് സ്കൂളിലെ അസൗകര്യങ്ങളും മൂല്യനിര്‍ണയത്തെ ബാധിച്ചു.
രസതന്ത്രം ഉത്തരപ്പേപ്പറിന്‍റെ മൂല്യനിര്‍ണയത്തിന് നാനൂറ് അധ്യാപകരേയാണ് ആവശ്യമുളളത്. എന്നാല്‍ ജോലിക്കെത്തിയത് മുന്നൂറു പേര്‍ മാത്രം. ദിവസവും ഒാരോ അധ്യാപകനും 36 ഉത്തരപ്പേപ്പറുകള്‍ പരിശോധിക്കണം. നൂറ് പേരുടെ അധികജോലി കൂടി ചെയ്ത് തീര്‍ക്കേണ്ടത് അധ്യാപകര്‍ക്ക് അധികഭാരമാവും. ഇത് കൃത്യതയോടെ ഉത്തരപ്പേപ്പറുകള്‍ പരിശോധിക്കുന്നതിന് തടസമാകുന്നൂവെന്നാണ് അധ്യാപകരുടെ വാദം.
കൊടുംവേനലില്‍ ജോലി ചെയ്യുന്നവര്‍ക്ക് ക്ലാസ് മുറികളില്‍ ഫാനില്ല. സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങളും കുറവാണ്. കഴിഞ്ഞ വര്‍ഷവും ഇതേ പരാതി ഉയര്‍ന്നിരുന്നു. പരിഹരിക്കാമെന്ന ഉറപ്പ് മാത്രം ഇപ്രാവശ്യവും പാലിച്ചില്ല.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom